Saturday, May 26, 2012

മഞ്ചാടി ക്കുരു

 സൂര്യന്‍ ജാലകം വഴി അകത്തു കടന്നിരിക്കുന്നു . ഇനി ഉറങ്ങിയാല്‍ ശെരിയാവില്ല  .എണീറ്റ്  ഉമ്മറത്ത് തൂക്കിയ വട്ടിയില്‍ കയ്യിട്ട് ഇത്തിരി ഉമ്മിക്കരി  കൈക്കലാക്കി .മുറ്റത്തെ ഒടിഞ്ഞു തൂങ്ങിയ തെങ്ങോലയില്‍ നിന്ന് ഒരു ഈര്‍ക്കിളിയും , അഴലില്‍ തൂങ്ങിയ തോര്‍ത്തും , കോഴിക്കൂടിന്  മുകളിലെ സോപ്പ് പെട്ടിയുമെടുത്ത് ഒരോട്ടം പുഴക്കരയിലേക്ക്  .  കാടുകള്‍ മൂടിയ നടവഴിയിലെ കാട്ടുചെടികളെ ചവിട്ടി മെതിച്ച് .

കാടിനുള്ളിലെ കുറച്ചുയരമുള്ള ചെടിക്ക് മറപറ്റി കാര്യം സാധിച്ചു .ആരെങ്കിലും വരും മുമ്പേ തേക്കില കൊണ്ട് മൂടി മുണ്ടും പൊക്കി ഒറ്റ  ചാട്ടം പുഴയിലേക്ക് .പിന്നെ എല്ലാം പുഴയുടെ മാറില്‍ .

കുളിക്കടവിന്  കുറച്ചകലെ ഒരു കൂട്ടം  പെണ്ണുങ്ങള്‍ കുടവുമായി വരുന്നുണ്ട് .  കുറച്ചു മുമ്പായിരുന്നെങ്കില്‍ .. ഹമ്മോ .ഓര്‍ക്കാനേ വയ്യ .മണലില്‍  ചെറു കുഴികള്‍  കുഴിച്ച്   കുഴികളില്‍ ചിരട്ട മുക്കി അവര്‍ വെള്ളമെടുക്കുകയാ .വേനലിന്‍റെ  വരവോടെ കിണറുകളില്‍ വെള്ളമില്ല .കുടിക്കാന്‍ ഈ കുഴിയിലെ  വെള്ളം ശുദ്ധമാ  .പക്ഷെ താമസിച്ചു വന്നാല്‍   പിന്നെ  കുഴികുത്താനൊരിടം    കാണില്ല .

കുറച്ചു ദിവസമായി കുറച്ചു തമിയന്മാര്‍ വന്ന്  കൂട്ട് കൂടിയിട്ടുണ്ട് . അവരുടെ വരവോടെ പുഴപോലും കലങ്ങി മറിയും .ആമയെ പിടിച്ചു ചുടുന്നതും ഈ പുഴക്കരയില്‍ തന്നെ .ആമ കരിഞ്ഞ് ദുര്‍ഗന്തം  വമിക്കും .

കുളികഴിഞ്ഞു   .  തിരികെ വരുമ്പോള്‍ നട വഴിയിലെ ചവിട്ടിയ കാട്ടുചെടികള്‍ വീണ്ടും ഉണര്‍ന്നിരിക്കുന്നു .മെല്ലെ കൈകൊണ്ടു ഇരു ഭകത്തേക്കും  ഒതുക്കി കാട് കടന്നു മുറ്റത്തെത്തി .

                    ഉമ്മ രാത്രിയിലെ എച്ചില്‍ പാത്രങ്ങള്‍   കരിയില്‍  പ്ലവില മുക്കി തേച്ചു മിനുക്കുകയാ .അടുക്കളയില്‍ എളാമമാര്‍ പ്രാതലിനുള്ള ഗുസ്തി  പിടുത്തത്തിലും   .
ഓരോരുത്തരായി മദ്രസയിലേക്കുള്ള ബുക്കും തൊപ്പിയും മെല്ലാം ഒരുക്കി  പ്രാതലിനായി  കാത്തിരിക്കുകയാ .ഹൈവേ കടന്നു വേണം മദ്രസയിലെത്താന്‍ അത് കൊണ്ട് തന്നെ ഉമ്മമാര്‍ക്ക്    മദ്രസ വിട്ട് വരുന്നത് വരെ ഭയമാ  .പക്ഷെ ഞങ്ങള്‍ കുട്ടികള്‍ക്ക്  എന്നും പോകുന്നത് കാരണം  അതൊരു ബുദ്ധിമുട്ടായി തോന്നാറില്ല .

മദ്രസ വിട്ടു വന്നാല്‍ പിന്നെ സ്കൂളിലേക്ക് .അതും ഒരു യാത്രതന്നെ ഏതാണ്ട് രണ്ടു കിലോമീറ്റര്‍ .പിന്നെ കളിയും ചിരിയും സ്കൂളിലെ കൂട്ടുക്കാരോടപ്പം .വൈകുന്നേരം ആര് വീട്ടില്‍ ആദ്യ മെത്തുമെന്ന വാശിയുണ്ടാകും  ഓടിയും ചാടിയും എല്ലാവരും ഏകദേശം ഒരേ സമയത്ത്‌. ഉമ്മറത്ത് തന്നെ വലിയുമ്മ   ഞങ്ങളുടെ വരവും കാത്ത് നില്‍പ്പുണ്ടാവും ..പിന്നെ കുറേ വഴക്കാ കാരണം യൂണി ഫോമില്‍ അപ്പാടേ മണ്ണ് പുരണ്ടിട്ടുണ്ടാവും .

പിന്നീടുള്ള ഓട്ടം തോര്‍ത്തുടുത്ത്‌  പുഴക്കരയിലേക്ക്  .കൂലി പണിക്കാരായ കുറച്ചാളുകള്‍ . കാച്ചിയ വെളിച്ചെണ്ണയുടേയും മെഡിമിക്സ് സോപിന്‍റെയും   മനോഹര ഗന്ധം പുഴക്കരയില്‍ അലയടിക്കും .മണല്‍ വാരുന്നവര്‍ അവസാന വട്ട മിനുക്ക്‌ പണിയിലായിരിക്കും . വള്ളം പുഴയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന കാട്ടു വള്ളിയില്‍ കെട്ടിയിടും .

പുഴക്കക്കരെ  ഒരു പേര മരമുണ്ട് അതില്‍ നല്ല മധുരമുള്ള പേരക്കയും .വേനല്‍ കാല സമയമായതിനാല്‍ ഒഴുക്ക് കുറവായതിനാല്‍ നീന്തി അക്കരെ കടന്ന് പേരക്കയുമായി ഇക്കരയിലേക്ക് .നേരം  വൈകിയാല് ഉമ്മമാര്‍ ആരെങ്കിലും വടിയുമായി എത്തും .കുളി കഴിഞ്ഞ് ഒരോട്ടമാ ....
സന്ധ്യാ  സമയം ഖുറാന്‍ പാരായണം പിന്നീട് പഠനം എല്ലാത്തിനും കാവല്‍ നില്‍ക്കാന്‍ മണ്ണെണ്ണ വിളക്കും വലിയുമ്മയും......

                 വീടിനടുത്താണ് തൊട്ടടുത്ത വഴലുകളിലേക്ക് വെള്ളമടിക്കുന്ന പമ്പ്‌ഹൌസ്  .പുഴയില്‍ നിന്നും മോട്ടര്‍ ഘടിപ്പിച്ച്  കനാലുവഴി വഴലിലേക്ക്.നെല്ലും  , പച്ചകറികളും   കൃഷി  ചെയ്യുന്ന കര്‍ഷകരുടെ ഏക ആശ്രയം .കനാലിലേക്ക് വെള്ളം ചാടിക്കുന്ന പൈപ്പില്‍ ഒരു ചെറിയ വല ഘടിപ്പിക്കും അത് വഴി കിട്ടുന്ന മത്സ്യം വീട്ടിലേക്കുളളതാ .നെറ്റിമാന്‍ മുതല്‍ വാള വരേയുള്ള പുഴമീനുകള്‍ കിട്ടും .

പിന്നെ എളാപ്പയുടെ വക ഒരു കുളക്കോഴി പിടുത്തമുണ്ട് .ചൂണ്ടലില്‍ ജീവനുള്ള കൂറയെ കൊരുത്ത് പുഴക്കരയിലെ കാട്ടിലേക്ക് ഇടും കുറച്ചു കഴിഞ്ഞ് ചെന്നാല്‍ കുളക്കോഴി പിടിയില്‍ .ഒഴിവു ദിനങ്ങളില്‍      പെണ്‍കുട്ടികള്ക്ക്     ഓല മെടയലും , ആണ്  കുട്ടികള്‍ അടുത്ത പറമ്പില്‍ കളിക്കാനും പോകും .

വര്‍ഷക്കാലം വന്നാല്‍ പുഴയിലെ വെള്ളം  കുത്തിയൊലിക്കാന്‍  തുടങ്ങും . നിറം  മാറും . ചുഴികള്‍ രൂപ പെടും കര കവിഞ്ഞു ഒഴുകും ....പിന്നെ പുഴക്കരയിലേക്ക് പോകാന്‍ വിലക്കാ.
മഴ പെഴ്ത് മുറ്റം നിറയെ ചെറു ചാലുകള്‍ രൂപ പെടും   അതില്‍ കടലാസ് വള്ളങ്ങള്‍ ഒഴുകിതുടങ്ങും .

            വീടിനരികിലെതോട്ടത്തില്‍കുറച്ചധികം  ഈന്ത് മരങ്ങള്‍ ഉണ്ട്.ഈന്ത് കാഴ എടുത്തു പൊളിച്ചു ഉണക്കി മില്ലില്‍ കൊണ്ട് പോയി  പൊടിക്കും (ഒരു എളാപ്പക്ക് മില്ലിലാ ജോലി . അത് കൊണ്ട് തന്നെ വീട്ടിലെ പൊടികള്‍ സൌജന്ന്യമാ .) അത് ചെറു പലഹാരമായി ഇറച്ചിയോടപ്പം കഴിക്കും .ഈന്ത്  മരങ്ങളില്‍ വലിയ വലിയ പൊത്തുകള്‍ കാണാം അതില്‍ തേനിച്ചകള്‍ കൂടുകുട്ടും .ഒരിക്കല്‍ എനിക്ക് ഒരു അബദ്ധം പറ്റി . ഞാന്‍ കൂട്ടില്‍  കയ്യിട്ടു തേന്‍ കുടിക്കാന്‍ ശ്രമിച്ചു  പിന്നീട്  നടന്നത് ഒരു കിടിലന്‍ ആക്രമണം മായിരുന്നു എത്ര ദൂരമോടി  എന്നെനിക്കോര്‍മയില്ല .മുഖമാസകലം നീര് വന്ന്  വീര്‍ത്തു ,  പച്ച മഞ്ഞള്‍ ഉരച്ച് തേനീച്ചയുടെ പല്ലുകള്‍  ഉമ്മ. മുഖത്ത്  നിന്നും  പറിച്ചു നീക്കി .


     കുങ്കുമ നിറമുള്ള ആ പ്രകാശത്തില്‍ ഇരുളിമ പടരാന്‍ ഇനി നിമിഷങ്ങള്‍ മതി . പകലിന്‍റെ  അന്ത്യവും . രാത്രിയുടെ തുടക്കവുമാണ് ഈ ത്രിസന്ധ്യ .ഇനി ചീവീടുകള്‍ സംഗീതം പൊഴിക്കും ..ഈയാന്‍  പാറ്റകള്‍  വിളക്കിന് ചുറ്റും കൂടും .

വലിയുമ്മയാണ് ആ വിദ്യ പറഞ്ഞുതന്നത് വിളക്ക് വെള്ളം നിറച്ച പാത്രത്തില്‍ വെക്കുക കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഈയാന്‍ പാറ്റകള്‍ വെള്ളത്തില്‍ വീണ് മൃതിയടയും .പടിഞ്ഞാറന്‍ ചക്രവാളങ്ങളെ  തലോടി ഒരു കാറ്റ് വരാന്തയിലെ വിളക്കില്‍ ചുംബിച്ചു  അന്തക്കാരം കൈവശപെടുത്തിയ കുറച്ചു നിമിഷം .ഈയാന്‍ പാറ്റകള്‍ അടുത്ത വീട്ടിലെ വിളക്കുകളിലെ പ്രകാശം തേടി പോയി .

അങ്ങാടിയില്‍ പോയ എളാപ്പമാര്‍ എത്തിയാല്  അത്തായം കഴിക്കല്‍ സുഖ നിദ്ര .

        ഒഴിവുദിനങ്ങള്‍മദ്രസ്സയില്‍ സ്പെഷല്‍ ക്ലാസ്സുകള്‍ ഉണ്ടാവും  .ഉച്ചയോടടുക്കും അത് കഴിഞു കിട്ടാന്‍ .പിന്നീട് ഓടിയെത്തി  മട്ടല്‍  ബാറ്റും കെട്ടി പന്തുമായി ഒരു  കിടിലന്‍  മാച്ച് .

റബ്ബര്‍ പന്തുമായി കളിക്കുന്ന മുതിര്‍ന്ന ചേട്ടന്മാര്‍ നമ്മെ കൂട്ടില്ല .തെങ്ങും , കമുകും നിറഞ്ഞ ഒരു തോട്ടം അടിച്ചാല്‍ അവിടെ ഇവിടേയും തട്ടി  തെറിക്കുന്ന റബ്ബര്‍ പന്തുകള്‍ മുറ്റത്തെത്തിയാല്  വലിയുമ്മ ഇറങ്ങി വരും , അതിനു മുമ്പേ ചേട്ടന്മാര്‍ ഓടി വന്ന്  പന്തെടുക്കും . ഇല്ലേല്‍ പിന്നെ ആ പന്ത് കിട്ടില്ല .

തൊടുവില്‍ നടുവിലായി ഒരു ചേരി മരമുണ്ട് അതില്‍ തൊട്ടാല്‍ ദേഹമാസകലം ചൊരിഞ്ഞു പൊന്തും അതാണ്‌ കേട്ടറിവ് .  അത് കൊണ്ട് തന്നെ ആരും   അതില്‍   തൊടാറില്ല ..പിന്നെ അപ്പ മരങ്ങള്‍ തുവര ചെടികള്‍ .കാറ്റടിക്കുമ്പോള്‍ തുവരചെടികള്‍ കാണാന്‍ നല്ല ഭംഗിയാ . സൂചിപുല്ല് അതില്‍ ഒരു ആക്രമ  പ്രത്യാക്രമണങ്ങള്‍ നടത്താറുണ്ട്‌ .കമുകില്‍ അടക്ക പറിക്കാന്‍ വരുന്ന രാമുവേട്ടന്‍റെ     കമുക് വളച്ചു മറ്റൊന്നിലേക്കു ചാടുന്ന കാഴ്ച്ച കൌതുകം  നിറഞ്ഞതാണ്‌ .മുറ്റത്തിന്‍റെ  ഒരു മൂലയില്‍ ഒരു തടിച്ചി പ്ലാവുണ്ട് അതിനു ചുവട്ടിലായി നാളികേരം കൂട്ടിയിട്ടിരിക്കും .കുറച്ച്  ദിവസം കഴിഞ്ഞ് അതെടുക്കാനായി കാര്യസ്ഥന്‍ കുഞ്ഞിമുഹമ്മദിക്ക  ഡ്രൈവര്‍ മജീദുമായി ജീപ്പ് ലോറിയില്‍   വരും . തേങ്ങ അതില്‍  കയറ്റി  കൊണ്ട് പോകും .ഓലയും കൊതുമ്പും തേങ്ങ സൂക്ഷിപ്പുക്കാര്‍ എന്ന പരിഗണനയില്‍ വീട്ടില്‍  കിട്ടും .


  വേനലിലാണ് വീട് ഓലമേഴുന്നത് . ഓല ഉമ്മമാര്‍ തന്നെ മെടയും  .ഓല മെടയാനുള്ള  യോഗ്യത തീരുമാനിക്കുന്നത് വലിയുമ്മയാണ്.  അതിനു ഒരു പരിശീലനമുണ്ട് .ഓലയുടെ ഏറ്റവും അറ്റത്തെ കുറച്ചു ഭാഗം  മെടയുന്നതിനായി   വെട്ടി മാറ്റും . അതിലാണ് ആദ്യത്തെ ഓലമെടയല്‍  പരിശീലനം . അതില്‍ വിജയിച്ചാല്‍ യഥാര്‍ത്ഥ ഓലമെടയാനുള്ള യോഗ്യത നേടും .ആദ്യം കമുക് പലതായി കീറും അത് മേല്‍കൂരയില്‍ ചൂടി ഉപയോഗിച്ച്  കെട്ടും .അതിനു ശേഷം പച്ചോല ചീളുകള്‍  വെള്ളത്തിലിട്ട് തിളപ്പിച്ച്‌ അതിന്റെ  അഗ്ര ഭാഗങ്ങള്‍ കൂര്‍പ്പിക്കും . അതുപയോഗിച്ചാണ് ഓല കമുകിന്റെ തറിയില്‍ കെട്ടി പിടിപ്പിക്കുക .പഴകിയ ഓല അടുപ്പിലേക്ക് തിരിക്കും

 .മുറ്റത്ത് വളഞ്ഞു തിരിഞ്ഞ്  വളരേ ഉയരത്തില്‍ നില്‍ക്കുന്ന ഒരു തെങ്ങുണ്ട് അതില്‍ നല്ല പോലെ തേങ്ങയുമുണ്ട് .പക്ഷെ അതില്‍ കയറാന്‍ പല തിയ്യന്മാര്‍ക്കും ഭയമാണ് ..അത് കൊണ്ട് തന്നെ തേങ്ങ  മുഴുവനും സ്വയം  നിലത്തേക്കു ചാടാറാണ്  പതിവ് .അതില്‍ എനിക്ക് കിട്ടിയിട്ടുണ്ട് ഒരു കിടിലന്‍ തട്ട്. ഭാഗ്യത്തിന് കാലിലാണ് വീണത്‌ കുറച്ചു ദിവസം തൈലം തേച്ചു നടന്നു .

        മുനിയന്‍  പാറയിലിരിന്ന് ചൂണ്ടയിടലാണ് മറ്റൊരു വിനോദം .പടിഞ്ഞാറന്‍  കാറ്റിന്‍റെ  കുളിര്‍മ്മയും . പന മരങ്ങളുടെ തണലും നേരം നീങ്ങുന്നതറിയുകയേ  ഇല്ല .പക്ഷെ മുനിയന്‍ പാറക്ക് പത്ത് മീറ്റര്‍ അകലെ ഒരു അപകട മേഖലയുണ്ട് .ആഴമേറിയ ഒരു പാട് പ്രദേശങ്ങള്‍ ഉണ്ട് അവിടെ . കുട്ടികള്‍ക്ക് ആ ഭാകത്തേക്ക് പോകുന്നത്  വിലക്കാ .

പന മരങ്ങളില്‍  കാട്ടു വള്ളികള്‍ പിണഞ്ഞു  കിടക്കുന്നത് കാണാം . ചില കാട്ടു പഴങ്ങള്‍ അണ്ണാന്റെ വിക്രതിക്ക് വിധേയമായി കാണാം . പാണാമ്പയം എന്ന പേരുള്ള ഒരു കാട്ടു പഴമുണ്ട് ... ചെറു വള്ളികളില്‍ പഴുത്ത് റോസ് നിറത്തിലുള്ള പഴങ്ങള്‍ . അതെടുക്കാന്‍ തേക്കിലയുടെ  രണ്ടു ഭാകവും ഇര്‍ക്കിളി കൊണ്ട് തുന്നി കെട്ടി ഒരു ചെറു വട്ടിയാക്കും . അതിലാണി പഴം നിറക്കുന്നത് .പഴത്തിന്റെ തോല്‍ ഭാകാമാണ് തിന്നാനുപയോഗിക്കുക ഉള്ളിലെ കുരു കളയും.
           
                                                     
          ബാല്യത്തിന്റെ കുതൂഹലങ്ങളില്‍ പെറുക്കിയ  മഞ്ചാടി കുരുവിന്‍റെ  ഓര്‍മ്മകളും കടന്ന് യവ്വനത്തിലേക്കുള്ള  മാറ്റത്തില്‍ ജീവിത പരിണാമങ്ങളില്‍ പുഴയുടെ സുഷ്കിച്ചരൂപവും കാലത്തിന്‍റെ  മാറ്റങ്ങളില്‍ മണ്ണുകള്‍ പങ്കു വെക്കാന്‍ ആളുകള്‍ വന്നപ്പോള്‍ നശിച്ച കാട്ടുചെടികളും .വെട്ടി തെളിച്ചു വേലി കെട്ടി മണിമാളികകള്‍ പൊന്തി വന്ന ഭൂപ്രതലത്തില്‍ തുവര ചെടികളുടെ അകാല ചരമവും .മുറ്റത്തെ മുത്തശ്ശി പ്ലാവിലെ ചക്കയുടെ രുചിയൂറും  ഓര്‍മ്മകളും ഭാക്കി വെച്ച് ഒരു കൂട്ടം ഓര്‍മ്മകളിലേക്ക് ..
                          
                                                   


                                                    

                                                  

                                                    

22 comments:

ജോസെലെറ്റ്‌ എം ജോസഫ്‌ said...

നല്ലയൊരു ഓര്‍മ്മക്കുറിപ്പ്! അത് ലളിത സുന്ദരമായ ഭാഷയില്‍ വിവരിച്ചു.
അനുഭവം, ഓര്‍മ്മ, എന്നൊക്കെ ലേബല്‍ വെയ്ക്കണം കേട്ടോ!
ആശംസകള്‍!!

ആചാര്യന്‍ said...

നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌....പണ്ട് ഒരു മഞ്ചാടി മരത്തിന്നടിയിലേക്ക് മഞ്ചാടിക്കുരു പെറുക്കാന്‍ പോയത് ഓര്‍മ്മിക്കുന്നു ഇപ്പോള്‍ ആ മരമോക്കെ വെറും ഓര്‍മ മാത്രവും ആയിക്കഴിഞ്ഞു...

sumesh vasu said...

നല്ല കുറിപ്പ്.... ഇനിയുമെഴുതുക

Anwar Sadique said...

ജോഷഫ് ആചാര്യന്‍ സുമേഷ് നന്ദി ...തുടര്‍ന്നും നിങ്ങളുടെ ഉപദേശങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു

Anwar Sadique said...

thanks

കുമ്മാട്ടി said...

നല്ല അനുഭവ കുറിപ്പ് .......ആശംസകള്‍

കുമ്മാട്ടി said...

നല്ല അനുഭവ കുറിപ്പ് .......ആശംസകള്‍

കുമ്മാട്ടി said...

നല്ല അനുഭവ കുറിപ്പ് .......ആശംസകള്‍

VIGNESH J NAIR said...

അനുഭവക്കുറിപ്പ് നന്നായി.... നല്ല നല്ല അന്യം നിന്ന് പോകുന്ന കുറെ ഓര്‍മ്മകള്‍

SREEJITH NP said...

ഈ അനുഭവം അടിച്ചു മാറ്റുന്നത് ശെരിയല്ല കേട്ടോ, ഇതെന്‍റെ അനുഭവങ്ങള്‍ അല്ലെ. രണ്ടു മൂന്ന് മണിക്കൂര്‍ നീളുന്ന കുളിയും, പിന്നെ സന്ധ്യക്ക് അച്ഛനോടൊത്തുള്ള ചൂണ്ടയിടാന്‍ പോകും ഒക്കെ ഓര്‍മിച്ചു. വേനല്‍ ആയാല്‍ മീനെ കല്ല്‌ ഇട്ടാണ് പിടിക്കുക. മീന്‍ കല്ലിനെ അടിയില്‍ ഒളിക്കും നമ്മള്‍ ഒരു വലിയ കല്ലെടുത്ത് അതിനു മുകളില്‍ ഇടും. ഒരു കറിക്കുള്ള മീന്‍ ഒക്കെ അങ്ങിനെ പിടിയ്ക്കുമാരുന്നു.

കമന്റ് എഴുതി പോസ്റ്റ്‌ ആവരുതല്ലോ അതുകൊണ്ട് നിര്‍ത്തുന്നു. വളരെ നന്നായി, ആശംസകള്‍.

Anwar Sadique said...

ശ്രീജിത്ത്‌ ഇതെന്റെ ഓര്‍മ്മകളില്‍ ഞാന്‍ ശൂക്ഷിച്ചിരുന്ന എന്റെ കുട്ടികാലമാണ് .താങ്കള്‍ക്കും അത്തരത്തിലൊരു ഓര്‍മ്മകള്‍ ഉണ്ടെങ്കില്‍ ഞാന്‍ കൃതാര്ത്തനായി......

kavungal kuttimon said...

അക്ഷര തെറ്റുകള്‍ ഉണ്ട് അന്‍വര്‍

kara kadan said...

നല്ല ഓര്മ കുറിപ്പ് ...

kara kadan said...

ബാല്യ സ്മൃതി നന്നായി ....

കൊമ്പന്‍ said...

ഒരു നല്ല ബാല്യം മനോഹരമായി പറഞ്ഞു ചോലെ

ഫൈസല്‍ ബാബു said...

ഓര്‍ക്കാന്‍ എന്ത് രസമുള്ള ബാല്യകാലം അല്ലെ ..അന്‍വര്‍ എഴുതിയ വരികളില്‍ കൂടി ഞാനും ആ തിരിച്ചു കിട്ടാത്ത ബാല്യത്തില്‍ കൂടി സന്ജരിച്ചു ,സൂപ്പര്‍ പോസ്റ്റ്‌ .

Anwar Sadique said...

നന്ദി എല്ലാവര്ക്കും ......

Shaleer Ali said...

ബാല്യം .. എത്ര ഓര്‍ത്താലും മധുരം കുറയാത്ത.. എത്ര പറഞ്ഞാലും കൊതി തീരാത്ത .. ഒരായിരം സ്മൃതികള്‍ സമ്മാനിച്ചു കടന്നു പോയ ഒരു ജന്മം തന്നെയാണത്
അന്തരീക്ഷം പോലുമറിയാതെ പാറിപ്പോയ അപ്പൂപ്പന്‍ താടി പോലെ അകന്നു പോയ ഒരു കാലം...

വര്‍ഷിണി* വിനോദിനി said...

അറിഞ്ഞും അറിയാതേം കൈക്കോർത്ത്‌ ബാല്യത്തിലൂടങ്ങനേ..

kochumol(കുങ്കുമം) said...

ഓര്‍മ്മക്കുറിപ്പ്‌ നന്നായിട്ടുണ്ട് ..
ഈന്ത് കാഴ എന്താന്നു മനസ്സിലായില്ല അതിനു വേറെ പേര് വല്ലോം ഉണ്ടോ അന്‍വര്‍ ?

juvairiya salam said...

Nannayi paranju.👍ee ormmakuripp.nalla vayana thannathil thanks

juvairiya salam said...

Nannayi paranju.👍ee ormmakuripp.nalla vayana thannathil thanks