Wednesday, March 27, 2013

പൂക്കള്‍ പൊഴിഞ്ഞ പൂന്തോപ്പില്‍

 

 യൂപി തലം പരീക്ഷ കഴിഞ്ഞ് ഒരു പുതിയ സ്കൂളിലേക്ക് .പുതിയ കൂട്ടുക്കാര്‍ .പുതിയ  അധ്യാപകര്‍. അങ്ങനെ ഒരു പാട് മാറ്റങ്ങള്‍ .എട്ട്  .എം ക്ലാസ്സിലായിരുന്നു അഡ്മിഷന്‍ .ക്ലാസ് ടീച്ചര്‍ ചന്ദ്രന്‍ മാഷായിരുന്നു .കൂടെ പഠിച്ച  കുറച്ച് കൂട്ടുക്കാര്‍ക്ക് പുറമേ പുതിയ കൂട്ടുക്കാര്‍ . 

മദ്രസ്സയില്‍ നിന്ന് നേരത്തെ പോകാനുള്ള അനുമതി കൂടിയുണ്ട് ഈ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് . സ്കൂളിന്‍റെ ദൂരം കണക്കിലെടുത്താണ് ഈ തീരുമാനം . 

നാഷണല്‍ ഹൈവേ മുറിച്ചു കടന്ന് വയലിനരികിലായി ശാന്തമായി ഒഴുകുന്ന തോട്ടു  വരമ്പിലൂടെ കലപില പറഞ്ഞ് സ്കൂളിലേക്ക് . 

വര്‍ഷകാലം തോടിന്‍റെ സ്വഭാവം മാറും ഒഴുക്കിന്‍റെ വേഗത കൂടും .സൂക്ഷിച്ച് നടന്നില്ലേല്‍ തോട്ടില്‍ വീഴും 

.വയല്‍  കടന്നാല്‍ കുത്തനെയുള്ള കയറ്റമാ .ആദ്യമായി  കയറുന്നവര്‍  വിയര്‌ത്തൊലിക്കും  തീര്‍ച്ച .

കയറ്റം അവസാനിക്കുന്നിടത്ത് നിന്നാണ്  സ്കൂളിന്‍റെ ചുറ്റുമതില്‍ ആരംഭിക്കുന്നത് .ചുറ്റുമതിലിന് മുകളിലൂടെ സ്കൂളിന്‍റെ മേല്‍ കൂര കാണാം .വെഴിലുകൊണ്ട് കരുവാളിച്ച ഓടുകളില്‍ തലമുറകള്‍ക്ക് സ്വപ്നം നല്‍കിയ ഒരായിരം മിന്നാമിനുങ്ങുകള്‍ കത്തിജ്വലിക്കുന്നു .

.ചുറ്റുമതില്‍ വളഞ്ഞ് ഗേറ്റിനു മുമ്പില്‍ അവസാനിക്കുന്നു .ചെറുകിട കച്ചവടക്കാര്‍ സ്കൂളിന് മുമ്പില്‍ സ്ഥിര താമസക്കാരാണ് .

ഗേറ്റ് കടന്നാല്‍ ഇരുവശവും കെട്ടിടങ്ങള്‍ .വലതു വശത്തെ കെട്ടിടത്തില്‍ ഓഫീസ് റൂം .തുടര്‍ന്ന് നീണ്ടു പോകുന്ന ക്ലാസ്സ് റൂമുകള്‍ .ഇടതു വശത്തായി അധ്യാപകര്‍ക്കായുള്ള സ്റ്റാഫ്റൂം.

ഗേറ്റിനു നേരെമുമ്പില്‍  സ്റ്റേജ്സ്ഥിതി ചെയ്യുന്നു .സ്റ്റേജിന് ഇടതു വശത്തായി ഒരു തണല്‍ മരം .അതിനോട് ചേര്‍ന്നുള്ള ക്ലാസ്സാണ് എട്ട് എം .

 ഞാന്‍ പൊതുവെ അന്തര്മുഖനായിരുന്നു .ഒരുതരം അപകര്‍ഷതാ ബോധം . അത് എന്നെ അടുത്ത കൂട്ടുകാരോട് മാത്രം അടുക്കാനും മറ്റുള്ളവരോട് അകലം പ്രാപിക്കാനും പ്രേരകമാക്കി .

ക്ലാസ്സുകള്‍ ഒരുതരം മുഷിപ്പായിരുന്നു .അധ്യാപകരെ പേടിച്ചുള്ള   ശ്രദ്ധ അഭിനയം മാത്രമായി .ഏക ആശ്വാസം സംഗീത ടീച്ചര്‍ ആയിരുന്നു .പടിക്കേണ്ടതില്ല  ടീച്ചര്‍ പാട്ട് പാടി തരും .പിന്നെ ഉച്ച ഭക്ഷണം കഴിഞ്ഞുള്ള ക്രികറ്റ് കളി .വൈകുന്നേരം വരെ ഒരു ചടങ്ങ് പോലെയായിരുന്നു . 

സ്കൂള്‍ വിട്ടാല്‍ പരസ്പരം കൂകി വിളിച്ചും . കളി തമാസകള്‍ പറഞും നേരെ വീട്ടിലേക്ക് . തോട്ടുവരമ്പിലെ തൊട്ടാവാടികള്‍ പോക്കുവെഴിലില്‍ തിളങ്ങി നില്‍ക്കും . കൌതുകത്തോടെ കൈകൊണ്ട് തലോടിയാല്‍ നാണം കുണുങ്ങി താഴോട്ട് നോക്കും . തോട്ടുവരമ്പിലെ കുറ്റിച്ചെടികള്‍ മരുത്ത ഇലപടര്‍പ്പുകള്‍ കൊണ്ടും മുള്ളുകള്‍ കൊണ്ടും  പ്രതിരോധിക്കും . 

വീട്ടിലെത്തിയാല്‍ നേരെ പാടത്തേക്ക് . ഇരുട്ട് കളിക്കാന്‍ അനുവദിക്കാതെ യാവുമ്പോള്‍ കളി മതിയാക്കും . തോട്ടില്‍ നിന്ന് കുളി പാസ്സാക്കി . വീട്ടിലെത്തിയാല്‍ ഹോം വര്‍ക്ക്‌ വല്ലതും ചെയ്താല്‍  ആയി . രാവിലെ വീണ്ടും മദ്രസ്സയിലേക്ക് .. 

ദിനങ്ങള്‍ പോകുന്തോറും സ്കൂളുമായിപൊരുത്തപെട്ടു കഴിഞ്ഞു . പഠനത്തിലും കുറച്ച് ശ്രദ്ധ ചെലുത്തി തുടങ്ങി . പതിവ് രീതികളെ മാറ്റി എടുത്തു . പഠിക്കാനുള്ള ത്വര പതുക്കെ പതുക്കെ മനസ്സിനകത്ത് രൂപ പെട്ടു തുടങ്ങി . 

കാലങ്ങള്‍ നമ്മുക്ക് മുമ്പേ നടന്നു നീങ്ങും . അതിനൊപ്പം ഓടിയെത്തുക ശ്രമകരമാണ് . ഒമ്പതാം ക്ലാസില്‍ വെച്ചാണ്  രാഷ്ട്ര ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ പോലും പഠിക്കാന്‍ തുടങ്ങിയത് . ഹിന്ദി അധ്യാപകന്‍ വളരെ കര്‍ക്കശക്കരനായിരുന്നു എന്നതാണ് അതിനുള്ള പ്രേരണ . 

ഉച്ചഭക്ഷണം കഴിഞ്ഞാല്‍ വായ്നോട്ടം പതിവാണ് .  ചുണ്ടില്‍ കൃത്രിമ ചിരികളുമായി പെണ്‍കുട്ടികള്‍ തലങ്ങും വിലങ്ങും നടക്കും  . പുളിമരത്തിന്‍റെ ഗര്‍ഭം ധരിച്ച  വേരുകളില്‍ ഇരുപ്പുറപ്പിച്ചാല്‍ ഗ്രൗണ്ടില്‍  നടക്കുന്നതെല്ലാം വ്യക്തമായി കാണാം . പടിഞ്ഞാറന്‍ കാറ്റില്‍ പുളിയിലകള്‍ ഗ്രൗണ്ടില്‍ ചിതറി വീഴും . കൂട്ടബെല്‍ മുഴങ്ങിയാല്‍ നേരെ ക്ലാസ്‌ റൂമിലേക്ക്‌ . 

ഒരു ദിവസം സ്കൂളില്‍ വരാന്‍ സാധിച്ചില്ല . പ്രതേകിച്ച് കാരണമൊന്നുമില്ല . അത് കൊണ്ട് തന്നെ സൌമിനി ടീച്ചര്‍ കൈയോടെ പിടികൂടി . രക്ഷ പെടാന്‍ പറഞ്ഞ കള്ളം  പല കള്ളങ്ങളായി  . സൌമിനി ടീച്ചറുടെ ചോദ്യങ്ങളില്‍ പതറിയ ഞാന്‍ ക്ലാസിലൊരു പരിഹാസ കഥാപാത്രമായി .

പത്താം ക്ലാസ്സിലേക്കും തടസ്സങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല . ക്ലാസ്സ്‌ ടീച്ചര്‍  വിജയലക്ഷ്മി ടീച്ചര്‍ക്ക്  ഞങ്ങളില്‍ ഒരുപാട്  വിശ്വാസമുണ്ടായിരുന്നു . ടീച്ചറുടെ വിശ്വാസം വെറുതെയായിരുന്നു എന്ന് പരീക്ഷകള്‍ ടീച്ചറെ  ബോധ്യപെടുത്തി . 

ക്ലാസ്‌ ടീച്ചര്‍ വിജയലക്ഷ്മി ടീച്ചര്‍ ആണേലും . ക്ലാസ്സില്‍ വരാതിരുന്നാല്‍  പിടികൂടുക സൌമിനി ടീച്ചര്‍ തന്നെയാ ..

എസ് എല്‍ സി പരീക്ഷക്കുള്ള സ്റ്റഡിലീവ്  തുടങ്ങുമ്പോള്‍ പരീക്ഷ ജയിക്കും എന്ന് ബോധ്യമുള്ളവരെ ക്യാമ്പില്‍ ചേര്‍ക്കും . എനിക്കും ക്യാമ്പില്‍ അഡ്മിഷന്‍ കിട്ടി . ആദ്യമൊക്കെ ആവേശത്തോടെ ക്യാമ്പില്‍ പങ്കെടുത്തിരുന്നു . പിന്നീട് മടുപ്പ് കാരണം ഞങ്ങള്‍ കുറച്ചു കൂട്ടുക്കാര്‍ പാടവരമ്പില്‍ ഒത്തു കൂടി . 

വീട്ടില്‍ നിന്നും സ്കൂളിലേക്ക് എന്ന് പറഞ്ഞു പോരും പക്ഷെ പഞ്ചായത്ത് കുളത്തിന്‍റെ ചുറ്റു മതിലില്‍ അവസാനിക്കും . അധികവും പഠിച്ചിരുന്നത് ഫ്രഞ്ച് വിപ്ലവവമായിരുന്നു .പത്ത് മാര്‍ക്ക് കിട്ടുന്ന എസ്സേ ...വൈകുന്നേരം വരെ നീണ്ടു പോകുന്ന പഠനം  സ്കൂള്‍ വിട്ടുവരുന്നവരുടെ കൂടെ വീട്ടിലേക്ക് തിരിക്കും വരെ തുടരും . 

പോക്കുവെഴില്‍ മാഞ്ഞു തുടങ്ങിയ വഴലോലകളില്‍ വൃക്ഷങ്ങള്‍ രാത്രിയെ പുല്‍കാന്‍ വെമ്പി നില്‍ക്കുന്നത് കാണാം . അലക്കുകല്ലില്‍  ദേഷ്യം തീര്‍ക്കുന്ന പെണ്ണുങ്ങളുടെ കലപിലയും . തെളിഞ്ഞ വെള്ളത്തില്‍ വിഹരിക്കുന്ന കല്ലങ്കേരിയുടെ ഒമാനത്വം പേടിച്ച് അലക്കുകല്ലില്‍ കയറി നില്‍ക്കുന്ന കൊച്ചു കുട്ടികളും അങ്ങനെ വൈകുന്നേരം തോട്ടുവരമ്പില്‍ കാഴ്ച്ചകള്‍ പലതാണ് .

 പഠനഭാരം പേറി വരുന്ന മകനെ സുലൈമാനി തന്ന് സ്വീകരിക്കുന്ന പാവം ഉമ്മയുടെ മുഖം വാചാലമാണ് . ഫ്രഞ്ച് വിപ്ലവത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ തോര്‍ത്തും സ്വോപ്പുമായി തോട്ടിലേക്ക് ഒരോട്ടമാ . തെളിഞ്ഞ വെള്ളം കലക്കി നശിപ്പിച്ചിട്ടെ കയറൂ . 

പരീക്ഷ ഒരു വിധം എഴുതി . പക്ഷെ റിസള്‍ട്ട് പ്രതികൂലമായിരുന്നു . വിജയലക്ഷ്മി ടീച്ചറുടെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കാന്‍ അന്ന് കഴിഞ്ഞില്ല . പിന്നീട് ഏഴുതി എടുത്തു .

സ്കൂള്‍ എന്ന പൂങ്കാവനത്തില്‍ വിരഞ്ഞ ഇതളുകള്‍ പാകപെടുത്താന്‍ കഴിയാത്ത നിരാശ ഇന്നും വേട്ടയാടുന്നു . 

5 comments:

ഷാജു അത്താണിക്കല്‍ said...

സ്കൂൾ കാലം മറക്കൂല്ല മഛൂ

ajith said...

മധുരിക്കും ഓര്‍മ്മകളേ......

Shaleer Ali said...

ആ പൂക്കാലം മരിക്കോളം മായില്ല മനസ്സില്‍......

Sabu Kottotty said...

ആ തോടും പാടവും കുളവും ഇന്നുണ്ടോ..?

കൊമ്പന്‍ said...

ഒരു വട്ടം കൂടിയാ ഓർമ്മകൾ മേയുന്ന തിരു മുറ്റത്ത് എത്തുവാൻ മോഹം